കുണ്ഡലിനി- ഒരന്വേഷണം-7

കുണ്ഡലിനി- ഒരന്വേഷണം-7 March 3, 2022Leave a comment

ചക്രങ്ങള്‍ -സങ്കല്‍പം- വിഗ്രഹം- പൂജ

  1. ദൈവം അദൃശ്യനും അരൂപനും നിര്‍ഗുണനും ആണല്ലോ. ചക്രങ്ങള്‍ക്കും ഈ വാദഗതി ബാധകമാണ്. യോഗശാസ്ത്രം നട്ടെല്ലില്‍ ചക്രങ്ങളുടെ സ്ഥാനം നിര്‍ണയിച്ചു പറയുന്നുണ്ട്. എന്നാല്‍ ശരീരം കീറിമുറിച്ചാല്‍ ഇതു കണ്ടെത്തില്ല. ചക്രങ്ങള്‍ ബിന്ദുക്കളാണ്. ശാസ്ത്രീയമായി പറഞ്ഞാല്‍ ബിന്ദുവിന് സ്ഥിതിചെയ്യുവാന്‍ സ്ഥലം വേണ്ട. കുട്ടികള്‍ ബുക്കില്‍ ബിന്ദുവിന്റെ സ്ഥാനം അറിയുവാന്‍ കുത്തിടുന്നുണ്ട്. അത് സ്ഥാനം തെറ്റാതിരിക്കുവാനും ശ്രദ്ധ കേന്ദ്രീകരിക്കുവാനും ഉള്ള ബുദ്ധിയുടെ ഇടപെടലാണ്. നട്ടെല്ലില്‍ ഇതുപോലെ ആറു സ്ഥാനങ്ങള്‍ യോഗശാസ്ത്രം അടയാളപ്പെടുത്തുന്നു. അവയ്ക്ക് ചക്രങ്ങള്‍ എന്നു നാമകരണവും ചെയ്തു. ഓരോ ചക്രത്തിനും പേരും നല്‍കിയിട്ടുണ്ട്.
  2. ചഞ്ചലചിത്തനായ മനുഷ്യനു അരൂപിയായ ദൈവത്തിനെ മനസ്സില്‍ സങ്കല്‍പ്പിക്കുവാന്‍ സാധിക്കാത്തതിനാല്‍ അവനായി ദൈവത്തിന് ഒരു രൂപം കല്‍പ്പിച്ചു കൊടുത്തു. ആ രൂപത്തെ കേന്ദ്രീകരിച്ചു മനസ്സു നില്‍ക്കുന്നില്ല എന്നായപ്പോള്‍ ആ രൂപത്തെ പുറമെ കാണിച്ചുകൊടുത്തു. ആ രൂപത്തിന്റെ മുമ്പില്‍ കൈകൂപ്പിയും ഉച്ചത്തില്‍ പാടിയും ആടിയും ആവലാതികള്‍ പറഞ്ഞും അവന്‍ ആനന്ദിച്ചു. വിഗ്രഹാരാധനയിലേക്കു സമൂഹം എത്തിയതങ്ങിനെയാണ്. ധ്യാനത്തേക്കാള്‍ ഇതു ലളിതമായിരുന്നു. മനസ്സിന്റെ കേന്ദ്രീകരണം ആവശ്യമില്ലാതായപ്പോള്‍ വ്യക്തിയുടെ പ്രാധാന്യവും ഇല്ലാതായി. വിഗ്രഹാരാധന വ്യാപകമായതോടെ അതിനെ ചുറ്റിപ്പറ്റി നിരവധി പുതുമകള്‍ രൂപംകൊണ്ടു. ഇതിനെ വ്യാഖ്യനിക്കുവാന്‍ പുതിയ ആചാര്യന്മാര്‍ മത്സരിച്ചു.
  3. വിഗ്രഹാരാധനയെ എതിര്‍ക്കുന്നവര്‍ പോലും രൂപങ്ങളെയും പ്രതീകങ്ങളെയും സ്ഥാപിച്ച് ഭക്തരെ ആകര്‍ഷിക്കുവാന്‍ തയ്യാറായി. മനസ്സില്‍ ഭക്തിബോധം ഉരുത്തിരിയുവാനുള്ള ഇത്തരം സംരംഭങ്ങളും ബാഹ്യപൂജയും ആരാധനയും അതിനെതുടര്‍ന്നഉള്ള ഘോഷങ്ങളും മനസ്സുകേന്ദ്രീകരിച്ചുള്ള പ്രര്‍ത്ഥനയ്ക്കു പകരമാ യിത്തീര്‍ന്നു.
  4. അരൂപമായ ദൈവസങ്കല്‍പ്പത്തെ നവാചാര്യന്മാര്‍ മനസ്സിനു പുറത്തുള്ള ആഘോഷങ്ങളിലേക്കു നയിച്ചതുപോലെ നട്ടെല്ലിലെ ചക്രങ്ങള്‍ക്കു ചില യോഗാചാര്യന്മാര്‍ രൂപങ്ങളും വര്‍ണങ്ങളും നല്‍കി. അവര്‍ പ്രപഞ്ചസത്തയെ ചക്രങ്ങളില്‍ ആരോപിച്ചു. പരിണാമത്തിന്റെ വിവിധ ഘട്ടങ്ങളെ പ്രതിനിധാനം ചെയ്യുന്ന മൃഗങ്ങള്‍, പ്രകൃതി, ഈശ്വരസങ്കല്‍പങ്ങള്‍, വളര്‍ച്ചയുടെ അടയാളങ്ങളായ അക്ഷരങ്ങള്‍, രേഖാസങ്കല്‍പങ്ങള്‍, നിറങ്ങള്‍ ഇവയെല്ലാം ചക്രങ്ങള്‍ ഉള്‍ക്കൊള്ളുന്നതായി വ്യാഖ്യാനിക്കപ്പെട്ടു.
  5. കൗളാചാരം, വാമാചാരം, ദക്ഷിണാചാരം, സമയാചാരം തുടങ്ങിയ ആരാധനാസമീപനങ്ങള്‍ യോഗവിദ്യാര്‍ത്ഥികള്‍ പരിചയപ്പെടുന്നുണ്ട്. രൂപമില്ലാത്ത ബിന്ദുക്കള്‍ക്ക് രൂപങ്ങളും നിറവും നല്‍കുകവഴി ചപലമായ മനസ്സിന് ആ കേന്ദ്രത്തില്‍ കുറച്ചു സമയം ചുറ്റിനില്‍ക്കാനും അത്രയും സമയം മറ്റുചിന്തകളെ മാറ്റി നിറുത്തുവാനും കഴിയുന്നുണ്ട്. ക്രമേണ ശ്രദ്ധകേന്ദ്രീകരണത്തിന് ഈ ശീലം സഹായകമാകും. എന്നാല്‍ ദുര്‍ബലമനസ്‌കരെ ആകര്‍ഷിക്കുവാന്‍ ഈ ചക്രങ്ങളെ വിഗ്രഹരൂപത്തിലേക്കു പരിവര്‍ത്തനം ചെയ്യുവാനും ചിലര്‍ തയ്യാറായിട്ടുണ്ട്.
  6. സമയാചാരം പാലിക്കുന്നവര്‍ ചക്രങ്ങളെ ലളിതമായി മനസ്സില്‍ കണ്ടു ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ പരിശീലിക്കുന്നു.എങ്കിലും വിഗ്രഹചിന്തകള്‍ കുറച്ചൊക്കെ അവരെയും സ്വാധീനിച്ചിട്ടുണ്ട്. ഹംസയോഗസാധകര്‍ സമയാചാരത്തില്‍ നിഷ്ഠയുള്ളവരാണ്.

Leave a Reply

Your email address will not be published.