ഭഗവത്ഗീതയുടെ പതിനഞ്ചാം അധ്യായത്തില്‍ നാശമില്ലാത്ത വൃക്ഷത്തെപ്പറ്റി പരാമര്‍ശമുണ്ട്. മനുഷ്യശരീരത്തില്‍ വേരുകള്‍ മുകളിലും തണ്ടും ശാഖകളും താഴോട്ടും വ്യാപിച്ചു കിടക്കുന്നതാണ് ഈ മരം. ഈ വൃക്ഷത്തെ അറിയുന്നവന് സത്യത്തെ അറിയുന്നവനാണ് എന്ന് ഗീതാകാരന്‍ വ്യക്തമാക്കുന്നു. തലച്ചോറില്‍ വ്യാപിച്ചുകിടക്കുന്ന വേരുകള്‍ അവബോധത്തിന്റെ ഉറവിടങ്ങളാകുന്നു. തടി നട്ടെല്ലു തന്നെ. ശാഖോപശാഖകള്‍ ശരീരമാകെ വ്യാപിച്ചുകിടക്കുന്ന നാഡികള്തന്നെ. ചിന്തകള്‍, പാപബോധം,വികാരങ്ങള്‍ തുടങ്ങിയവ ഇലകളാണ്.
തലതിരിഞ്ഞ ഈ മരം നിഗൂഢതകള്‍ അടങ്ങിയവയാണ്. യുക്തിചിന്തകള്‍ കൊണ്ട് ഇവയെ അപഗ്രഥിക്കാനാവില്ല. ആത്മീയഉണര്‍വ് ഉള്ളവര്‍ക്കുമാത്രമേ ഇതിന്റെ രഹസ്യത്തിലേക്കു കടക്കാനാവൂ. ആത്മീയ അവബോധത്തിലൂടെ ഉണ്ടാകുന്ന അറിവിനെ യുക്തികൊണ്ടളക്കുവാന് സാധ്യമല്ല. ഈ വൃക്ഷത്തില്‍ കയറുന്നവന് സത്യം എന്തെന്ന് അറിയാന്‍ കഴിയുമെന്ന് ആചാര്യന് പറയുന്നു. ബൈബിളിള്‍ അറിവിന്റെ മരം എന്നുവിശേഷിപ്പിക്കപ്പെടുന്ന മരത്തിനും ഈ പ്രത്യേകതകള്‍ തന്നെയാണ് ഉള്ളത് . ജീവിതവൃക്ഷം എന്നു ചിലര്‍ ഇതിനെ കണക്കാക്കുന്നുമുണ്ട്.
മൂലാധാരത്തില്‍ ഉറങ്ങിക്കിടക്കുന്ന കുണ്ഡലിനിയെ സഹസ്രാരത്തിലെത്തിക്കുവാനാണ് സാധകന് ശ്രമിക്കുന്നത്. നാശമില്ലാത്ത വൃക്ഷത്തിന്റെ വേരുകള്‍ സഹസ്രാരത്തിലാണ്. ഭൗതിക വികാരവിചാരങ്ങളും പാപബോധവും അവസാനിക്കണമെങ്കില്‍ ഈ വേരുകള്‍ അറത്തുമാറ്റണം. കുണ്ഡലിനിയെ അവിടെയെത്തിക്കുവാന്‍ കഴിയുന്ന സാധകന് ഇതു നിഷ്പ്രയാസം കഴിയും.
