കുണ്ഡലിനി-ഒരന്വേഷണം 6

കുണ്ഡലിനി-ഒരന്വേഷണം 6 February 17, 2022Leave a comment

നാഡികള്‍

രക്തം ശരീരത്തിന്റെ എല്ലാഭാഗങ്ങളിലും എത്തിക്കുന്നത് ഞരമ്പുകളാണ്. നാഡികള്‍ എന്നും ഇതിനെ വിളിക്കാറുണ്ട്. യോഗശാസ്ത്രത്തിലെ നാഡികള്‍ ഇതില്‍നിന്നും വ്യത്യസ്തമാണ്. മനുഷ്യശരീരത്തില്‍ കാണുന്ന സുഷുമ്‌ന, നാഡികള്‍ എന്നിവയുടെ ധര്‍മങ്ങള്‍ ഭൗതികശാസ്ത്രം വിവരിക്കുന്നുണ്ട്. യോഗശാസ്ത്രം നല്‍കുന്ന വ്യാഖ്യാനങ്ങളുമായി ഇതിനു ബന്ധമില്ല. എന്നാല്‍ ചില സാമ്യങ്ങള്‍ ഉണ്ടുതാനും.
നാഡികള്‍ എന്ന പദത്തിന് ഒഴുക്ക് എന്നാണര്‍ത്ഥം.അവബോധത്തിന്റെ ഒഴുക്കിനുള്ള പാതകളാണ് നാഡികള്‍. ഇതിനു രൂപം ഇല്ല. വൈദ്യുതിയുടെ പോസിറ്റീവും നെഗറ്റീവുമായുള്ള ശക്തികല്‍ സഞ്ചരിക്കുന്ന പാതകള്‍ പോലെയാണിവ. പ്രാണശക്തിയും(vital force) മനശക്തിയുമാണ്(mental force) ഈ നാഡികള്‍ വഴി ഒഴുകുന്നത്. എഴുപത്തീരായിരമോ അതില്‍ കൂടുതലോ നാഡികള്‍ ഉള്ളതായി കണക്കാക്കിയിരിക്കുന്നു.ഇവയില്‍കൂടി ഒഴുകുന്ന ഈ ശക്തിവിശേഷങ്ങള്‍ ജീവന്റെ താളക്രമവും പ്രവര്‍ത്തനത്തിന്റെ വേഗതയും നിയന്ത്രിക്കുന്നു. നാഡികളുടെ സമൂഹത്തില്‍ പത്തെണ്ണം പ്രധാനമാണ്. അതില്‍ത്തന്നെ മൂന്നെണ്ണം പരമപ്രധാനമാണ്. അവ ഇഡ, പിംഗള, സുഷുമ്‌ന ഇവയാണ്.
ഇഡ നാഡി മാനസികപ്രവര്‍ത്തനങ്ങളെയും പിംഗള നാഡി ശാരീരിക പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്നു. ഇഡയെ ചന്ദ്രന്‍ എന്നും പിംഗളയെ സൂര്യന്‍ എന്നും വിശേഷിപ്പിക്കുന്നു. സുഷുമ്‌ന നാഡി ആത്മീയ അവബോധത്തെ ഉണര്‍ത്തിയുയര്‍ത്തുവാന്‍ സഹായിക്കുന്നു.
നട്ടെല്ലിന്റെ ഉള്ളിലുള്ള ദ്വാരത്തിലൂടെയാണ് സുഷുമ്‌ന കടന്നുപോകുന്നത്. സുഷുമ്‌നയുടെ പുറത്ത് -നട്ടെല്ലിന്റെ ഉള്ളില്‍ത്തന്നെ -ഇഡയും പിംഗളയും സ്ഥിതിചെയ്യുന്നു. ഇതു മൂന്നും ആരംഭിക്കുന്നത് മൂലാധാരത്തില്‍ നിന്നാണ്. സുഷുമ്‌ന നേരിട്ട് മുകളിലേക്കുയരുന്നു. സുഷുമ്‌നയുടെ ഇടതുഭാഗത്തുനിന്നു ഇഡയും വലതുഭാഗത്തുനിന്നു സുഷുമ്‌നയും ആരംഭിക്കുന്നു. അവ സുഷുമ്‌നയെ ചുറ്റി മുകളിലേക്കുയരുന്നു. സ്വാധിഷ്ടാനത്തില്‍ ഇവ മൂന്നും ഒത്തുചേരുന്നു. ഇവിടെ ഇഡ സുഷുമ്‌നയുടെ വലതുവശത്തേക്കും പിംഗള ഇടതുവശത്തേക്കും തിരിഞ്ഞ് മുകളിലേക്കുയരുന്നു. മണിപൂരചക്രത്തില്‍ വീണ്ടും ഇവ സമ്മേളിക്കുന്നു. വീണ്ടും വശം തിരിയുന്നു. അനാഹതത്തിലും വിശുദ്ധിയിലും ഇതാവര്‍ത്തിക്കുന്നു. അവസാനം ആജ്ഞയില്‍ ഇവ ഒന്നിക്കുന്നു. ആജ്ഞയില്‍ ഇഡ ഇടതുവശത്തും പിംഗള വലതുവശത്തും ആണ് അവസാനിക്കുന്നത്. പീനിയല്‍ ഗ്രന്ധിയുടെ സ്ഥാനമാണിത്.
ഇഡയും പിംഗളയും വിപരീത ശക്തികളാണ്. ഇഡ അന്തര്‍മുഖമാണ്. സ്‌ത്രൈണമാണ് അതിന്റെ സ്വഭാവം. സാവധാനത്തിലാണ് ഇഡ പ്രവര്‍ത്തിക്കുക. ഇതിനെ ചന്ദ്രനാഡി എന്നും വിളിക്കുന്നു. പിംഗള എപ്പോഴും ഊര്‍ജസ്വലമായിരിക്കും. ബഹിര്‍മുഖമായിരിക്കും. പൗരുഷസ്വഭാവം കാണിക്കും. സൂര്യനാഡി എന്നാണിതിനെ വിളിക്കുക.
ഇഡയും പിംഗളയും ഒരേസമയം ഒന്നിടവിട്ട് ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നു. മൂക്കില്‍ ഇതനുഭവപ്പെടും. ഒരുസമയം ഒരു മൂക്കില്‍ കൂടി ശ്വസം സ്വതന്ത്രമായും മറ്റേ മൂക്കില്‍കൂടി തടസ്സപ്പെട്ടും പോകുന്നു. മൂക്കിനു മുമ്പില്‍ വിരല്‍പിടിച്ചു ശ്രദ്ധിച്ചാല്‍ ഇതനുഭവപ്പെടും. ഇടതുമൂക്കില്‍ കൂടി ശ്വസം അകത്തു കടക്കുകയും പുറത്തേക്കു പോവുകയും ചെയ്യുന്നുവെങ്കില്‍ ഇഡയുടെ പ്രവര്‍ത്തനം നടക്കുന്നു എന്നു കരുതണം. വലതു മൂക്കില്‍കൂടിയാണു ശ്വസനം നടക്കുന്നതെങ്കില്‍ പിംഗള ഉണര്‍ന്നുപ്രവര്‍ത്തിക്കുന്നു എന്നും കരുതണം. രണ്ടു മൂക്കില്‍ക്കൂടിയും ശ്വസനം നടന്നാല്‍ സുഷുമ്‌ന സ്വധീനത്തിലാണെന്നു തിരിച്ചറിയണം.
ഇടതുമൂക്കില്‍ കൂടി ശ്വസനം നടക്കുമ്പോള്‍ തലച്ചോറിന്റെ വലതുഭാഗം സജീവമാണെന്നു ധരിക്കണം. വലതുമൂക്കില്‍ കൂടിയാണു ശ്വസനം നടക്കുന്നതെങ്കില്‍ തലച്ചോറിന്റെ ഇടത്തെ അര്‍ദ്ധഭാഗം പ്രവര്‍ത്തനക്ഷമമാണെന്നും മനസ്സിലാക്കണം. നാഡികള്‍- ഊര്‍ജപാതകള്‍- മസ്തിഷ്‌കത്തെയും അതുവഴി ജീവിതവൃത്തികളെയും ഇങ്ങനെ സ്വാധീനിക്കുന്നു. ശ്വസനഗതിയെ നിയന്ത്രിക്കാന്‍ കഴിയുന്നവനു ജീവിതവൃത്തികളെയും നിയന്ത്രിക്കുവാന്‍ കഴിയുമെന്നപാഠമാണിതു നല്‍കുന്നത്.
ഇഡയും പിംഗളയും രണ്ടു തരത്തിലുള്ള ഊര്‍ജമാണ് പ്രവഹിപ്പിക്കുന്നത്. ഇഡ ചിത്തത്തെയും പിംഗള പ്രാണനെയും പ്രവഹിപ്പിക്കുന്നു. അല്ലെങ്കില്‍ ഇഡ അവബോധത്തെയും പിംഗള ജീവിതത്തെയും പരിപോഷിപ്പിക്കുന്നു. ഇവ ഒരേസമയം പ്രവര്‍ത്തിച്ചാല്‍ മസ്തിഷ്‌കത്തിലെ രണ്ട് അര്‍ദ്ധഗോളങ്ങളും ഒരേസമയം പ്രവര്‍ത്തിക്കും. അവ ചിന്തനത്തിലും ജീവിതത്തിലും ഉള്‍വിളിയിലും സാധാരണപ്രവര്‍ത്തനങ്ങളിലും ഇരട്ടിയായ നേട്ടങ്ങള്‍ ഉണ്ടാക്കും. വലതുമൂക്കില്‍കൂടി ശ്വസിക്കുന്ന സമയത്ത് ജോലിക്ക് അധിക ഊര്‍ജം ലഭിക്കും. ശരീരം വേഗത്തില്‍ ചൂടാകും. ദഹനം അതിവേഗത്തില്‍ സംഭവിക്കും. മനസ്സ് ബഹിര്‍മുഖവുമായിരിക്കും.പിംഗള സജീവമായ സമയമാണത്. ഇടതുമൂക്കില്‍കൂടി ശ്വസനം നടക്കുമ്പോള്‍ മനസ്സിന്റെ ഊര്‍ജപ്രവാഹം നിശബ്ദമായിരിക്കും. മനസ്സ് അന്തര്‍മുഖമായിരിക്കും. ഉറങ്ങാനുള്ള പ്രവണത ശക്തമായിരിക്കും. ഇപ്പോള്‍ ഇഡ സജീവമായിരിക്കും. രാത്രിയില്‍ പിംഗള സജീവമായാല്‍ ഉറക്കം തടസ്സപ്പെടും. ദഹനം അതിവേഗം നടക്കും. ശാരീരികവും മാനസികവുമായ അസ്വസ്ഥത ഉണ്ടാവും. പകല്‍ ഇഡ സജീവമായാല്‍ ആലസ്യം അനുഭവപ്പെടും. ദഹനം പതുക്കെയാകും. ഊര്‍ജസ്വലത കുറയും.
ഊര്‍ജത്തിന്റെ സ്രോതസ്സായ കുണ്ഡലിനി സുഷുമ്‌നയില്‍ ഉറങ്ങുന്നു. ജീവശക്തിയും അവബോധവും ഒന്നിച്ചു പ്രവര്‍ത്തിക്കുവാന്‍ ഈ ശക്തി ഉണര്‍ന്നുയരണം. അതിനായി ഷഡ്കര്‍മങ്ങള്‍കൊണ്ട് ശീരത്തെ ശുദ്ധമാക്കുന്നു. ശ്വസനാവയവങ്ങള്‍ ശുദ്ധീകരിക്കുന്നു. ശ്വസനതന്ത്രങ്ങള്‍ പരിശീലിക്കുന്നു. ഹഠയോഗം ഇതിനുള്ള മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

Leave a Reply

Your email address will not be published.