കുണ്ഡലിനിയോഗയുടെ അടിസ്ഥാനം ശരീരമാണ്. അതിനാല്‍ ഇതൊരു സാങ്കല്‍പിക ശാസ്ത്രമല്ല. ഭൗതികശരീരം ചിലപ്പോല്‍ അരൂപശക്തിയായി മാറുന്നുണ്ട്. സന്തോഷം, കോപം സംശയം തുടങ്ങിയവികാരങ്ങള്‍ ശരീരത്തിലൂടെ പ്രകടമാകുന്നുണ്ട്. ചിന്ത, ഓര്‍മ, വിവേചനം തുടങ്ങിയ മാനസികവ്യാപാരങ്ങളും അരൂപശക്തികളാണല്ലോ. മനുഷ്യനില്‍ ഉയര്‍ന്ന അവബോധം ഉണ്ടാക്കുകയാണ് കുണ്ഡലിനി ചെയ്യുന്നത് ഭൗതികശരീരത്തിലെ അരൂപാവസ്ഥയാണിത്. ഇതിന്റെ പ്രവര്‍ത്തനം ഭൗതികാവസ്ഥയില്‍ മാറ്റം വരുത്തുകയും ചെയ്യും.
എല്ലാ ജീവികളിലും കുണ്ഡലിനിയുടെ സാന്നിധ്യം ഉണ്ട്. ഇത് ഊര്‍ജമാണ്. മൃഗങ്ങളില്‍ ഇത് അടിത്തട്ടിലാണ് – മൂലാധാരത്തില്‍- സ്ഥിതിചെയ്യുന്നത്. ഇരതേടുക, ഇണചേരുക തുടങ്ങിയ വാസകള്‍ മാത്രമേ ഇവയില്‍ പ്രകടമായി കാണുകയുള്ളു. ചില മനുഷ്യരിലും കുണ്ഡലിനി ഉറങ്ങിക്കിടക്കുന്ന അവസ്ഥയിലായിരിക്കും. അവര്‍ ജീവിതത്തില്‍ മൃഗസമാനമായ ജീവിതമായിരിക്കും നയിക്കുക.
വ്യക്തിഭേദമനുസരിച്ച് ജീവോര്‍ജം ഭിന്നശക്തികളാകും. ഒരുശില്‍പിയുടെ മകന്‍ മറ്റുപ്രേരണകളൊന്നുമില്ലെങ്കിലും കൊത്തുപണിയില്‍ ഏര്‍പ്പെടുന്നുണ്ട്. അവനിലെ ജീന്‍ ആണ് അതിനുകാരണമെന്ന് ആധുനികശാസ്ത്രം പറയുന്നുണ്ട്. അവനില്‍ കുണ്ഡലിനി അല്‍പം ഉയര്‍ന്നു നില്‍ക്കുന്നുവെന്ന് കുണ്ഡലിനിശാസ്ത്രം പറയും. അഭ്യസനത്തിലൂടെ അവന് കുണ്ഡലിനിയെ വീണ്ടും ഉയര്‍ത്താം. നല്ലൊരു ശില്പിയായി അവനുമാറാം. ജന്മവാസനകളെ കുണ്ഡലിനി ജ്വലിപ്പിക്കും എന്നു പറയാം. എന്നാല്‍ ഒരു ശില്‍പിയുടെ എല്ലാമക്കളിലും ഒരേ അളവില്‍ ഈ ഊര്‍ജവിശേഷം കാണണമെന്നില്ല.
കുണ്ഡലിനി നിര്‍മാണോര്‍ജമാണ്. സ്വയം പ്രദര്‍ശിപ്പിക്കാനുള്ള ശക്തിയാണിത്. കരിങ്കള്‍ തൂണുകളില്‍ സ്പര്‍ശിക്കുമ്പോള്‍ സപ്തസ്വരങ്ങള്‍ കേള്‍ക്കുന്നു. ഇത് ശില്‍പകലയിലൊരത്ഭുതമാണ്. ആ ശില്‍പിയെ ജീനിയസ് എന്നു പുകഴ്ത്തുന്നു. കുണ്ഡലിനി ഉയര്‍ന്നു നില്‍ക്കുന്ന അവസ്ഥയാണത്.
ജന്മവാസനയുള്ളവര്‍ക്കും പഠനവൈഭവമുള്ളവര്‍ക്കും ഉള്ള ഉന്നതിയാണ് കുണ്ഡലിനിയുടെ ഉണര്‍വും ഉയര്‍ച്ചയും ലക്ഷ്യം വയ്ക്കുന്നത്. മാനുഷികത്വത്തിന്റെ ഉന്നതിയും ഈ ഉണര്‍വുകൊണ്ട് ഉദ്ദേശിക്കുന്നുണ്ട്. മനോലോകത്തെ സന്തോഷങ്ങള്‍ ഇതുമൂലം സംഭവിക്കുന്നു. പ്രതികൂലാവസ്ഥകള്‍ തരണം ചെയ്യുന്നതിനും നിത്യാനന്ദം ഉറപ്പാക്കുന്നതിനും കുണ്ഡലിനി ഉണര്‍ന്നുയരുമ്പോള്‍ സാധിക്കുന്നു.
കുണ്ഡലിനി ഉണരുന്നതോടെ ജീവിതത്തില്‍ പരിവര്‍ത്തനങ്ങള്‍ സംഭവിക്കുന്നു. കോപം, വിദ്വേഷം, അസൂയ തുടങ്ങിയ നെഗറ്റീവായ മനോഭാവങ്ങള്‍ മനസ്സില്‍നിന്നൊഴിഞ്ഞുപോകുവാന്‍ തുടങ്ങും. എല്ലാവരേയും സമഭാവനയോടെ കാണുവാന്‍ തുടങ്ങും. സഹായിക്കാനുള്ള പ്രവണത മനസ്സില്‍ രൂപംകൊള്ളും. ചില രോഗങ്ങള്‍ അപ്രത്യക്ഷമാവും. പ്രവൃത്തികളില്‍ സമൂലമായ മാറ്റം ഉണ്ടാകും. ശരീരത്തിനും മനസ്സിനും ഉണ്ടാകുന്നമാറ്റങ്ങള്‍ ഗുണപരമായിരിക്കും. ചിലപ്പോള്‍ അല്‍പനേട്ടങ്ങള്‍ ചിലരില്‍ അഹങ്കാരം ജനിപ്പിക്കും. അതിനാല്‍ ഗുരുവിന്റെ സാന്നിധ്യമോ ശ്രദ്ധയോ ഇല്ലെങ്കില്‍ ഫലം വിപരീതമാകാനും ഇടയുണ്ട്.
കുണ്ഡലിനിയോഗയില്‍ പരിശീലനം തേടുന്നവര്‍ തങ്ങളുടെ ആഗ്രഹങ്ങള്‍ ഗുരുവുമായി പങ്കുവയ്ക്കുന്നതു നല്ലതാണ്.ജോലിയില്‍ മെച്ചപ്പെട്ട വൈദഗ്ദ്ധ്യം, മാനസിക സ്വസ്ഥത, മനഃശക്തി വളര്‍ത്തല്‍, സമാധിവരെയെത്തുന്ന ധ്യാനപരിശീലനം, നിത്യാനന്ദം എന്നിങ്ങനെ ലക്ഷ്യങ്ങള്‍ നിശ്ചയിക്കാം. ഓരു തീര്‍ത്ഥയാത്രയുടെ പരിശുദ്ധിയോടെ പരിശീലനം തുടങ്ങാം. പരിശീലനത്തിന്റെ ഓരോ ഘട്ടവും കഴിയുമ്പോള്‍ ഉണ്ടാകുന്ന ഊര്‍ജപ്രവാഹത്തില്‍ തന്നത്താന്‍ മറന്ന് സാധകന്‍ മുന്നേറും.
മാധവന്‍കുട്ടി
കുണ്ഡലിനി- ഒരന്വേഷണം 5
ചക്രങ്ങള്‍
ശരീരത്തില്‍ അനേകം ഊര്‍ജസ്രോതസ്സുകളുണ്ട്. അവയില്‍ കുറച്ചുമാത്രമേ പ്രയോജനപ്പെടുത്തുന്നുള്ളു. ഭൗതികവും മാനസികവുമായ കേന്ദ്രങ്ങളാണിവ. ചക്രങ്ങള്‍ എന്ന് ഇവയെ വിളിക്കാം. പേരു സൂചിപ്പിക്കുന്നതുപോലെ വൃത്താകൃതിയാണ് ഇവയ്ക്കു നല്‍കിയിരിക്കുന്നത്. ഇംഗ്‌ളീഷില്‍ Whirpool, vortex എന്നീ പദങ്ങള്‍ ഈ ആശയം സൂചിപ്പിക്കുന്നു. ഊര്‍ജം വൃത്താകൃതിയില്‍ ചലിച്ചു പ്രകമ്പനം കൊള്ളിക്കുന്ന കേന്ദ്രം എന്നു വിശദീകരിക്കാം.
ചക്രത്തെ വീട്ടിലെ വൈദ്യുതസംവിധാനവുമായി തുല്യപ്പെടുത്താം. മെയിന്‍ സ്വിച്ചില്‍ വൈദ്യതി എത്തുന്നു. അവിടെനിന്നും മുറികള്‍, ഫ്രിഡ്ജ്, തേപ്പുപെട്ടി തുടങ്ങിയ വിവിധ ഭാഗങ്ങിലേക്ക് വൈദ്യുതി എത്തിക്കുന്നു.അതുപോലെ ഭക്ഷണം, ശ്വസനം തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ഊര്‍ജം നാഡികള്‍ വഴി ചക്രത്തിലെത്തുന്നു. അവിടെനിന്നും നാഡീവ്യൂഹങ്ങളിലൂടെ പ്രാണനെ വിവിധ കേന്ദ്രങ്ങളിലെത്തിക്കുന്നു. പുറത്തേക്ക് ആശയം എത്തിക്കുവാനും പുറത്തെ സംവേദനങ്ങള്‍ അകത്തേക്കുകൊണ്ടുവരുവാനും ഈ പ്രണനാഡികള്‍ക്കു കഴിയുന്നു.
ചക്രങ്ങള്‍ ഒരേസമയം ഭൗതികവും മാനസികവുമായ കേന്ദ്രങ്ങളാണ്. സുഷുമ്‌നയുടെ ഉള്ളില്‍ ഇവ സ്ഥിതിചെയ്യുന്നു. സുഷുമ്‌നയില്‍ ചാരനിറത്തിലുള്ള പദാര്‍ത്ഥവും താമരയുടെ ആകൃതിയില്‍ ഈ പദാര്‍ത്ഥങ്ങള്‍ രൂപംകൊള്ളുന്നതും നാരുകളുടെ രൂപത്തില്‍ നാഡികള്‍ കാണപ്പെടുന്നതും ഈ നിഗമനത്തിലെത്തുവാന്‍ പ്രേരിപ്പിക്കുന്നു. ശാരീരിക ധര്‍മങ്ങളെ ഇവ നിയന്ത്രക്കുന്നു. ശക്തിയുടെ സംഭരണകേന്ദ്രങ്ങളാണ് ചക്രങ്ങള്‍ എന്നു വിശ്വസിക്കപ്പെടുന്നു.
ശരീരത്തിലെ ആറു ചക്രങ്ങള്‍ മസ്തിഷ്‌കത്തിലെ ചില കേന്ദ്രങ്ങളുമായി നേരിട്ടു ബന്ധപ്പെട്ടു കിടക്കുന്നു. ആ മസ്തിഷ്‌ക ഭാഗങ്ങളെ നിയന്ത്രിക്കുന്ന സ്വിച്ചുകള്‍ എന്നും ഇവയെ കണക്കാക്കാം. ആദ്യചക്രം മൂലാധാരം. മലദ്വാരത്തിനും മൂത്രദ്വാരത്തിനും ഇടയില്‍ നട്ടെല്ലില്‍ ഇതു സ്ഥിതിചെയ്യുന്നു. ഉന്തിനില്‍ക്കുന്ന ഒരു തടിപ്പിനെപ്പറ്റി നേരത്തെ സൂചിപ്പിച്ചുവല്ലോ. നട്ടെല്ലില്‍ ലിംഗത്തിന്റെ പുറകിലായി സ്വാധിഷ്ഠാനചക്രം നിലകൊള്ളുന്നു. മൂന്നാമത്തെ ചക്രമായ മണിപൂരചക്രം നാഭിയുടെ നേരെ പുറകിലായി നട്ടെല്ലില്‍ സ്ഥിതിചെയ്യുന്നു. ഹൃദയത്തിനു പിന്നിലായി നട്ടെല്ലിലാണ് നാലാമത്തെ ചക്രമായ അനാഹതചക്രത്തിന്റെ സ്ഥാനം. അഞ്ചാമത്തേതായ വിശുദ്ധിചക്രം തൊണ്ടക്കുഴിയുടെ നേരെ പുറകിലായി നട്ടെല്ലില്‍ സ്ഥിതിചെയ്യുന്നു. ആജ്ഞാചക്രം ആറാമത്തേതും അവസാനത്തേതുമാണ്. നട്ടെല്ലിനു മുകളില്‍ മസ്തിഷ്‌കത്തിന്റെ മധ്യഭാഗത്തായാണ് ഇതു സ്ഥിതിചെയ്യുന്നത്. പുരികങ്ങളുടെ ഇടയില്‍ നെറ്റിയുടെ മദ്ധ്യഭാഗത്ത് ഉള്ളിലായി ഈ സ്ഥാനം നിര്‍ണയിച്ചിരിക്കുന്നു. നാസികയുടെ ആരംഭസ്ഥാനവും കൂടിയാണിത്.
ആജ്ഞക്കുമുകളിലായി സാധകര്‍ പ്രധാനമായി കാണന്ന സ്ഥാനങ്ങളുണ്ട്. എന്നാലവ ചക്രങ്ങളായി കണക്കാക്കുന്നില്ല.
