പുരാതന കലകളിലും ഗ്രന്ഥങ്ങളിലും ശില്പങ്ങളിലും സര്‍പം ഒരു പ്രധാന ഘടകമാണ്. പരമശിവന്റെ കഴുത്തിലും കൈയിലും അരയിലും സര്‍പ്പങ്ങള്‍ ചുറ്റിപ്പിണഞ്ഞു കിടക്കുന്നു. കാളിയുടെ ശരീരത്തിലും സര്‍പങ്ങള്‍ ആഭരണങ്ങളായി കിടക്കുന്നു. മഹാവിഷ്ണുവിന്റെ ശയ്യതന്നെ അനന്തനെന്ന സര്പമാണ്. ആദിശേഷനെന്ന സര്പത്തിന്റെ തലയിലാണ് ഭൂമി നിലനില്‍ക്കുന്നത്. ബൈബിളില്‍ ആദമിനും അവ്വയ്ക്കും ജ്ഞാനപ്പഴം നല്കുന്ന സത്വമായി സര്പത്തെ പരിഗണിക്കുന്നു. ഹൈന്ദവതറവാടുകളില് സര്‍പക്കാവുകള്‍ അനിവാര്യമായ ഒന്നായി കണക്കാക്കിയിരുന്നു. സര്പപൂജ വിശ്വാസവുമായി ബന്ധപ്പെട്ടു കിടക്കുന്നു.
താന്ത്രികഗ്രന്ഥങ്ങളില് പ്രധാന ഊര്‍ജസ്രോതസ്സായി കുണ്ഡലിനിയെ വിശേഷിപ്പിക്കുന്നുണ്ട്. മനുഷ്യനില്‍ ഉറങ്ങിക്കിടക്കുന്ന ശക്തിവിശേഷമായി ചില മനഃശാസ്ത്രജ്ഞര്‍ ഇതിനെ പരിഗണിക്കുന്നു. ഹിന്ദുവിശ്വാസി കാളിയായി ഇതിനെ കാണുന്നു. ശൈവര്‍ ശിവലിംഗവുമായി ഇതിനെ ബന്ധപ്പെടുത്തുന്നു.
മൂന്നരച്ചുറ്റില് കിടന്നുറങ്ങന്ന സര്‍പമായി കുണ്ഡലിനിയെ കണക്കാക്കുന്നു. അമൂര്‍ത്തമായ അവബോധത്തിന്റെ സൂചകമാണിത്. മൂന്നരച്ചുറ്റിനു വ്യാഖ്യാനം ഇങ്ങനെ. ഓം മന്ത്രത്തിന്റെ പൊരുളാണ് മൂന്നുചുറ്റ്. ജീവിതത്തിന്റെ മൂന്നു ഘട്ടങ്ങള്‍- ഭൂതം, വര്‍ത്തമാനം, ഭാവി. മൂന്നു ഗുണങ്ങള്‍- സത്വം, രജസ്, തമസ്. അവബോധത്തിന്റെ മൂന്ന് അവസ്ഥകള്‍-ഉണര്‍വ്, ഉറക്കം, സ്വപ്നം. മൂന്നു വിധത്തിലുള്ള അനുഭവം- വസ്തുനിഷ്ഠം, ആത്മനിഷ്ഠം, പ്രത്യക്ഷം. അരചുറ്റ് തുരീയാവസ്ഥയാണ്. മനസ്സിന്റെ നാലാമത്തെ അവസ്ഥയാണ് തുരീയം. ധ്യാനനിരതനായ യോഗിയിലാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. ജീവന് പരമാത്മാവിനോടു ചേര്‍ന്നു നില്ക്കുന്ന അവസ്ഥയാണിത്. അതിബോധമനസ്സ് ഈ സമയത്തു പ്രവര്‍ത്തിക്കും. സാധാരണക്കാര്‍ക്ക് ഇതപ്രാപ്യമാണ്. ശാസ്ത്രകലാപ്രതിഭകള്ക്ക് ധ്യാനനിര്‍ഭരമായ വേളകളില്‍ പുതുസൃഷ്ടിക്കുള്ള ഉള്‍ക്കാഴ്ചകള്‍ ഈ അവസ്ഥയല് ഉണ്ടാകാറുണ്ട്.
നട്ടെല്ലില്‍ സ്ഥിതിചെയ്യുന്ന ഈ ശക്തിവിശേഷത്തെ വിവരണങ്ങളിലൂടെ പ്രത്യക്ഷമാക്കി കാണിക്കുവാന്‍ ആചാര്യന്മാര് ശ്രമിച്ചിട്ടുണ്ട്. വിഗ്രഹാരാധനാ സംസ്കാരം ഉള്‍ക്കൊള്ളുന്ന സാധകനു എളുപ്പം മനസ്സിലാക്കുവാന്‍ ഇതു സഹായിക്കും. ബ്രഹ്മചാരി വ്യാസദേവ്(Science of the Soul) പറയുന്നതിങ്ങിനെ- ‘സാധകന് സുഷുമ്നയെ സുവര്ണസ്തംഭമായി കാണുന്നു. സുവര്‍ണനിറത്തിലുള്ള സര്‍പം അല്ലെങ്കില്‍ പ്രകാശിക്കുന്ന കറുത്ത സര്‍പം ഉയരുന്നു. അതിനു പത്തിഞ്ചു നീളം വരും. രക്തനിറത്തിലുള്ള കണ്ണുകള്‍, ചലിക്കുന്ന നാക്കുകള്‍ പുറത്തേക്കു നീട്ടിയിട്ടിരിക്കുന്നു. അവ മിന്നല്സ്ഫുരണം വിതറുന്നു. ‘
ഹംസവിദ്യാകുലഗുരുവായ ശ്രീയുത് ഭൈരവാനന്ദയോഗീന്ദ്രനാഥ് മറ്റൊരു രൂപത്തില്‍ കുണ്ഡലിനിയെ കാണിച്ചുതരുന്നു. -‘മൂലാധാരം മുതല്‍ ബ്രഹ്മരന്ധ്രംവരെ സൂര്യപ്രഭയ്ക്കു തുല്യമായിട്ട് സുഷുമ്ന എന്നൊരു നാഡിയുണ്ട്. അതിന്റെ മധ്യത്തില്‍ മിന്നല്‍പ്പിണറുപോലെ അതിസൂക്ഷ്മമായിട്ട് കുണ്ഡലിനിയെന്ന മഹാശക്തി സ്ഥിതിചെയ്യുന്നു. ഈ ശക്തി മേല്മൂലാധാരത്തിങ്കല്നിന്നും വെള്ളരിവള്ളിയുടെ ചുരുളുപോലെ പുറപ്പെട്ട് കീഴ് മൂലാധാരംവരെ സ്ഥിതിചെയ്യുന്നു. അവിടെ അര്ക്കതാപംകൊണ്ടു ഖിന്നയായി സുഷുപ്തിയെ പ്രാപിച്ചിരിക്കകൊണ്ട് ജനങ്ങള്‍ മായാമോഹിതരായിത്തീര്ന്നിരിക്കുന്നു. ഈ ശക്തിയെ എപ്പോള്‍ ഉണര്ത്തുന്നുവോ അപ്പോള്‍ ആത്മബോധമുണ്ടാകുന്നു.’
മാധവന്‍കുട്ടി.
