സംസ്‌കൃതഭാഷയില്‍ ചുരുണ്ടത് എന്ന അര്‍ത്ഥമാണ് കുണ്ഡലിനിക്കുള്ളത്. കുഴി, താഴ്ന്നസ്ഥാനം, ശൂന്യസ്ഥലം എന്നെല്ലാമര്‍ത്ഥമുള്ള കുണ്ഡ എന്ന പദത്തില്‍നിന്നാണ് കുണ്ഡലിനി ഉണ്ടായത് എന്നു പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. മൃതശരീരം അടക്കംചെയ്ത സ്ഥാനത്തിന് കുണ്ഡ എന്നു പറയുന്നു. പണ്ട് ആചാരാനുഷ്ഠാനങ്ങള്‍ക്ക് ഒഴിച്ചുകൂടത്തതായിരുന്നു തീക്കുണ്ഡം. തലച്ചോറില്‍ ഉള്ളിലേക്കു വലിഞ്ഞിരിക്കുന്ന ഒരു ഭാഗമുണ്ട്. വളയിട്ടുറങ്ങുന്ന പാമ്പിന്റെ ആകൃതിയാണിതിനുള്ളത്. കുണ്ഡലിനി എന്നിതിനെ വിളിക്കാം.
സുഷുപ്തിയിലുള്ള ഊര്‍ജത്തിന്റെ കേന്ദ്രമാണ് കുണ്ഡലിനി. പ്രപഞ്ചശക്തി, അതിഭൗതികശക്തി, കോസ്മിക്ക് ഊര്‍ജം എന്നൊക്കെ വ്യാഖ്യാനിക്കുന്ന ശക്തിവിശേഷത്തെ സ്ത്രീശബ്ദങ്ങളായി വിശേഷിപ്പിക്കാറുണ്ട്. കാളി, ദുര്‍ഗ, ദേവി, ലക്ഷ്മി, സരസ്വതി തുടങ്ങിയപേരുകളാണ് പൂര്‍വികര്‍ കുണ്ഡലിനിക്കു നല്‍കിയിട്ടുള്ളത്.
കുണ്ഡലിനിയുടെ ഉണര്‍വും ഉയര്‍ച്ചയും എല്ലാവരിലും ,എപ്പോഴും ഒരേരീതിയിലാവണമെന്നില്ല. നിങ്ങളില്‍ കുണ്ഡലിനി ഉണര്‍ന്നു; എന്നാല്‍ നിങ്ങള്‍ക്കതിനെ നിയന്ത്രിക്കാനാവുന്നില്ല. അതിനെ കാളി എന്നു വിളിക്കാം. ഉണര്‍ന്ന കുണ്ഡലിനീശക്തിയെ ഉപകാരപ്രദമായി പ്രയോഗിക്കുവാന്‍ കഴിയുന്നു. അതിനെ ദുര്‍ഗ എന്നു വിളിക്കാം. ഒരുസ്ത്രീയുടെ രണ്ടു ഭാവങ്ങള്‍ വ്യക്തികളില്‍ പ്രകടമാവുന്നു.
ഹൈന്ദവപുരാണങ്ങളില്‍ കാളിയുടെ ഉണര്‍വ് പ്രതിപാദിക്കുന്നുണ്ട്. കാളി ദേവതയാണ്. അവള്‍ നഗ്നയാണ്. കറുത്തനിറം, അല്ലെങ്കില്‍ ചാരനിറം.കോപം വര്‍ദ്ധിക്കുന്വോള്‍ ശരീരം ചുവക്കും. നൂറ്റിയെട്ടു മനുഷ്യരുടെ തലയോടുകള്‍ മാലയായി ധരിക്കുന്നു. അവ വ്യത്യസ്ഥമായ അനവധി ജന്മങ്ങളുടെ ഓര്‍മകള്‍ നല്‍കുന്നു. രക്തനിറത്തിലുള്ള നീട്ടിയിട്ടിരിക്കുന്ന നാക്കുകള്‍ രജോഗുണത്തെ സൂചിപ്പിക്കുന്നു.കറങ്ങുന്ന മുഖഭാവങ്ങള്‍ സര്‍ഗാത്മക പ്രവര്‍ത്തനങ്ങളെ പ്രതിനിധീകരിക്കുന്നു. ഇടതുകൈയില്‍ അറുത്തെടുത്ത തല. വലതുകൈയില്‍ രക്തം ഇറ്റുവീഴുന്ന വാള്‍. ഇരുട്ടിന്റെയും മരണത്തിന്റെയും മൗലികപ്രഭവകേന്ദ്രം തന്നെയാണവള്‍. ജീവിതത്തിന്റെയോ വെളിച്ചത്തിന്റെയോ സാന്നിദ്ധ്യം ഇവളില്‍ കാണില്ല. ചലിക്കുമ്പോല്‍, നൃത്തംചെയ്യുന്വോള്‍, ആക്രമിക്കുന്വോള്‍ അവളിലെ ശക്തിവിശേഷം പലമടങ്ങു വര്‍ദ്ധിക്കുന്നു.
ദേവന്മാരും അസുരന്മാരും മനുഷ്യരും രക്ഷസ്സുകളും കാളിയുടെ ഈ ഭാവത്തില്‍ സ്തബ്ധരാകുന്നു. അവള്‍ എന്തുചെയ്യുമെന്ന് ആര്‍ക്കുമറിയില്ല. അവളെ ശാന്തയാക്കുവാന്‍ സ്ഥിരചിത്തനായ പരമശിവനെ പ്രാര്‍ത്ഥിക്കുന്നു. മുമ്പില്‍ വരുന്നശിവനെ അതിഭയങ്കരമായി ആക്രോശിച്ച് അവള്‍ നേരിടും. ശിവനെ മറിച്ചു താഴെയിട്ട് ആ മാറില്‍ ചവുട്ടി നില്‍ക്കും.അഹങ്കാരത്തിന്റെ മനോനിലയാണിത്. രക്തം കുടിക്കാനുള്ള ദാഹവും മാംസം കഴിക്കാനുള്ള മോഹവും അവളുടെ വിടര്‍ന്നവായില്‍ കാണാം.
ഉപബോധമനസ്സിന്റെ പ്രവര്‍ത്തനഫലമായി മൃഗീയമോ ഭ്രാന്തമോ ആയ പ്രവര്‍ത്തനത്തില്‍ മുഴുകുന്നവരുടെ പ്രതീകമാണ് കാളി.
ദുര്‍ഗ സുന്ദരിയായ ദേവതയാണ്. അവള്‍ കടുവയുടെ പുറത്തിരിക്കുന്നു. അവള്‍ക്ക് എട്ടു കൈകളുണ്ട്. മനുഷ്യനിലുള്ള എട്ടുമൂലകങ്ങളുടെ സൂചനകളാണവ. അജ്ഞാനത്തില്‍നിന്നുണര്‍ന്നുയര്‍ന്നു നില്‍ക്കുന്ന രൂപമാണ് അവള്‍ക്ക്. അവള്‍ അമ്പത്തിരണ്ടു തലകള്‍കോര്‍ത്ത മാല ധരിച്ചിരിക്കുന്നു. സംസ്‌കൃതഭാഷയിലെ അക്ഷരങ്ങളെയാണ് അവ പ്രതിനിധാനം ചെയ്യുന്നത്. ശബ്ദബ്രഹ്മത്തിന്റെ പ്രതീകങ്ങളാണവ. ദുഷ്ടശക്തികളെ ഉന്മൂലനംചെയ്യാനുള്ള ശക്തിയും ശാന്തത പ്രദാനം ചെയ്യാനുള്ള ഊര്‍ജവും ഈ സുന്ദരിയിലുണ്ട്.
കാളിയെ ദുര്‍ഗയാക്കിമാറ്റുന്ന തന്ത്രവിശേഷം കുണ്ഡലിനീ ഉപാസനയിലൂടെ നേടാന്‍ കഴിയും.
മാധവന്‍കുട്ടി.
