ഹംസസംവാദം

ചോദ്യം
സ്വാമിജി
ബ്രഹ്മം നിര്‍ഗുണ ബ്രഹ്മം, സഗുണ ബ്രഹ്മം എന്നെല്ലാം പുസ്തകങ്ങളിലും പ്രഭാഷണങ്ങളിലും മറ്റും സാധാരണ കാണുന്നതും കേള്‍ക്കുന്നതുമായ വാക്കുകളാണ്. ഇവയുടെ കൃത്യമായ അര്‍ത്ഥം വിശദീകരിച്ചു തന്നാലും
സതീശന്‍
കണ്ടശാംകടവ്

ഉത്തരം
ഹംസയോഗ ചന്ദ്രിക പതിനാലാം അധ്യായത്തില്‍ ബ്രഹ്മത്തെയും മായയേയും വിവരിക്കുന്നുണ്ട്. സര്‍വവ്യാപിയും സര്‍വസാക്ഷിയും നിരാകാരവും നിരഞ്ജനവുമാണ് ബ്രഹ്മം. ഇത് ആണല്ല, പെണ്ണല്ല നപുംസകവുമല്ല. മനുഷ്യരുടേയോ പക്ഷി മൃഗാദികളുടെയോ, മറ്റു ചരാചര വസ്തുക്കളുടെയോ ഒന്നും രൂപവും അതിനില്ല. അതുകൊണ്ടാണ് ബ്രഹ്മം നിരാകാരമാകുന്നത്.
ബ്രഹ്മം നാശരഹിതമാണ് കാരണം അതിന്റെ നിര്‍ഗുണ സ്വഭാവമാണ്. ഗുണമുള്ള എല്ലാ വസ്തുക്കളും അവയുടെ ഗുണം തീരുന്നതോടെ നശിക്കുന്നതാണ്. പഞ്ചസാരയുടെ ഗുണങ്ങളില്‍ ഒന്നാകുന്നു മധുരം. മധുരം ഇല്ലാതാകുന്തോടെ അതു നശിക്കുന്നതാണ്. അതുപോലെ മറ്റു വസ്തുക്കളുടെയും ഗുണം തീരുന്നതോടെ അവയും നശിക്കുന്നു. ബ്രഹ്മം അങ്ങനെ നശിക്കാത്തതിനാലാണ് അത് നിര്‍ഗുണ ബ്രഹ്മമായി എന്നെന്നും നിലനില്‍ക്കുന്ത്.
ബ്രഹ്മം സര്‍വവ്യാപിയായി എങ്ങും നിറഞ്ഞുനില്‍ക്കുന്നു. ഗ്രഹനക്ഷത്രാദി ഗോളങ്ങളും ഭൂമിയും ഭൂമിയിലെ ചരാചര വസ്തുക്കളും എല്ലാം ബ്രഹ്മത്തിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ബ്രഹ്മം ഇവയിലൊന്നും ലിപ്തമല്ലതാനും. ബ്രഹ്മസംഭൂതമായ എല്ലാ വസ്തുക്കള്‍ക്കും രൂപവും രൂപഭേദങ്ങളുമുണ്ട്. എന്നാല്‍ ബ്രഹ്മത്തിന് യാതൊരു രൂപവുമില്ല. അതുകൊണ്ട് ബ്രഹ്മം നിരാകാരമാണ്. പ്രത്യേകിച്ച് ഒരു രൂപവുമില്ലാതെ എങ്ങും നിറഞ്ഞുനില്‍ക്കുന്നതിനാല്‍ ശാസ്ത്രലോകത്തില്‍ ബ്രഹ്മത്തിന് അവ്യക്തം എന്ന പേരുണ്ടായി.
നിര്‍ഗുണ ബ്രഹ്മത്തില്‍ നിന്നുമുണ്ടായ അതിന്റെ തന്നെ സഗുണ ഭാവമാണ് പരാശക്തി. ബ്രഹ്മത്തില്‍ ശക്തിചാലനമുണ്ടായി. അത് പ്രണവ സ്വരൂപമായി പ്രത്യക്ഷപ്പെട്ടു. ക്രമേണ നാദബ്രഹ്മത്തില്‍ നിന്നും രൂപവും ഭാവവും ഗുണവും ഉള്ള എല്ലാ പ്രപഞ്ച വസ്തുക്കളും രൂപം കൊണ്ടു. അങ്ങിനെ ബ്രഹ്മം നിര്‍ഗുണമായും അതിന്റെ സഗുണ ഭാവമായ പരാശക്തി അഥവാ പ്രകൃതിദേവി സര്‍വചരാചരങ്ങളുടെയും സൃഷ്ടി, സ്ഥിതി, ലയ കാരിണിയായും നിലനില്‍ക്കുന്നു. ഇപ്രകാരമുള്ള പ്രകൃതി ദേവിയായ പരാശക്തിയെയാണ് യോഗികള്‍ ഉപാസിക്കുന്നത്.

ചോദ്യം:
ഗുരുനാഥാ:-
ബ്രഹ്മജ്ഞാനം, ബ്രഹ്മാനന്ദം, ബ്രഹ്മം, സാക്ഷാത്കാരം എന്നീ വാക്കുകളുടെ അര്‍ത്ഥം വിശദീകരിച്ചു തന്നാലും
മോഹന്‍, തൃശൂര്‍

ഉത്തരം
ബ്രഹ്മം വിടവുകളില്ലാതെ എങ്ങും നിറഞ്ഞുനില്‍ക്കുന്ന വസ്തുവാണ്. അതുകൊണ്ട് സമസ്ത ചരാചരവസ്തുക്കളും ബ്രഹ്മം തന്നെയാണ്. നാമും നമ്മോടൊപ്പമുള്ള എല്ലാ സഹജീവികളും ബ്രഹ്മം തന്നെയാണ്. പക്ഷേ, സാമാന്യ ജനങ്ങള്‍ക്ക് ഇത് ബോധ്യമാകുന്നില്ല. അവരില്‍ ഭേദചിന്ത വളരുന്നു. അവര്‍ താനൊഴിച്ച് മറ്റുള്ളവരെയെല്ലാം അന്യമായി കരുതുന്നു. ഇതിനെയാണ് ഭേദചിന്തയെന്നു പറയുന്നത്.
ഭേദചിന്ത മനുഷ്യരെ സാരശൂന്യന്മാരാക്കുന്നു. അവര്‍ സ്വാര്‍ത്ഥ ചിന്തകരും കുടിലബുദ്ധികളുമായിത്തീരുന്നു. അതുകൊണ്ടാണ് മനുഷ്യരുടെ ബോധമണ്ഡലവും പ്രതിഭയും ചുരുങ്ങിച്ചുരുങ്ങി വരുന്നത്. അവരില്‍ യഥാര്‍ത്ഥ ജ്ഞാനം ഉദിക്കുന്നില്ല. അജ്ഞാത തിമിരത്താല്‍ ആവൃതരായ അവര്‍ അനുദിനം നശിച്ചുകൊണ്ടിരിക്കുകയാണ്.
അഭേദദര്‍ശനം ഉണ്ടാകുന്നതോടെ നമ്മില്‍ നിന്നും ഭേദചിന്തകള്‍ നശിക്കുന്നു. ഞാനും നീയും രണ്ടെന്ന ഭാവം ഇല്ലാതാകുന്നു. മനുഷ്യരും മൃഗങ്ങളും മറ്റു ജന്തുജാലങ്ങളും സസ്യലതാദികളും കടലുമെല്ലാം ബ്രഹ്മാംഗങ്ങളായതിനാല്‍ ഒന്നുതന്നെ എന്ന ബോധം ഉണ്ടാകുന്നു. അപ്പോള്‍ അദ്ദേഹം ബ്രഹ്മജ്ഞാനിയായിത്തീര്‍ന്നിരിക്കുന്നു.
ഇനി നമുക്ക് ബ്രഹ്മാനന്ദം എന്തെന്നു ചിന്തിക്കാം. സുഖദുഃഖങ്ങള്‍ എന്നും സന്തോഷസന്താപങ്ങള്‍ എന്നും സാധാരണ പറയാറുണ്ട്. സുഖത്തിന്റെ വിപരീത പദമാകുന്നു ദുഃഖം. അതുപോലെ സന്തോഷത്തിനു സന്താപവും വിപരീത പദവും ഭാവവുമാകുന്നു. സുഖത്തിനു നാശമുണ്ട്. സുഖം നശിക്കുന്നതോടെ ദുഃഖം ആരംഭിക്കുകയും ചെയ്യുന്നു.
വിപരീത ഭാവമില്ലാത്ത മറ്റൊരു സുഖമുണ്ട്. നശിക്കാത്ത സുഖം, സ്ഥായിയായി നില്‍ക്കുന്ന അവസ്ഥ. അതാകുന്നു ആനന്ദം. വിപരീത പദമോ വിപരീത ഭാവമോ ഇല്ലാത്ത അവസ്ഥയാകുന്നു ആനന്ദം. എന്നും ആനന്ദം തന്നെ അനുഭവിച്ചുകൊണ്ടേയിരിക്കും. ഇത് സര്‍വസംഘ പരിത്യാഗികളായ യോഗീശ്വരന്മാര്‍ക്കുണ്ടാകുന്ന അവസ്ഥാ വിശേഷമാണ്. ഇപ്രകാരമുണ്ടാകുന്ന നിത്യാനന്ദം തന്നെയാകുന്നു ബ്രഹ്മാനന്ദം. അങ്ങനെ ജ്ഞാനമൂര്‍ത്തികളായ യതീശ്വരന്മാര്‍ ബ്രഹ്മാനന്ദത്തില്‍ വിഹരിക്കുന്നു.
ബ്രഹ്മസാക്ഷാത്കാരത്തെക്കുറിച്ചാണ് ഇനി അറിയേണ്ടത്. ജീവന്‍ മുക്തനായ യോഗീശ്വരന്‍ നിത്യാനന്ദം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. സമസ്ത ചരാചരങ്ങളും താന്‍ തന്നെയെന്ന അവസ്ഥയിലാണ് അദ്ദേഹം നിലകൊള്ളുന്നത്. താനും ബ്രഹ്മവും രണ്ടെന്ന ഭാവം പരിപൂര്‍ണമായി അദ്ദേഹത്തില്‍ നിന്നും മറഞ്ഞിരിക്കുന്നു. താന്‍ ബ്രഹ്മം എന്ന അവസ്ഥയില്‍ അദ്ദേഹം എത്തിയിരിക്കുന്നു. ഇത് ബ്രഹ്മത്തെ സാക്ഷാത്കരിച്ച അവസ്ഥയാകുന്നു. എങ്കിലും പൂര്‍ണതയെ പ്രാപിച്ചിട്ടില്ല.
ചിലപ്പോള്‍ ഏതെങ്കിലും ഒരു ഘട്ടത്തില്‍ ജീവന്‍ മുക്തന്‍ ഈ അവസ്ഥയില്‍ നിന്നും താഴേക്കു പോരാവുന്നതാണ്. അതുകൊണ്ട് ജീവന്‍ മുക്തന് പൂര്‍ണമായും ബ്രഹ്മ സാക്ഷാത്കാരം കിട്ടി എന്നു പറയുവാന്‍ വയ്യ. അതുകൊണ്ട് അദ്ദേഹം സ്വന്തം ശരീരം ഉപേക്ഷിക്കണം. അദ്ദേഹം മഹാസമാധി സ്വീകരിച്ച് വിദേഹമുക്തി സ്വീകരിക്കണം. അതോടെ പിന്നീടൊരിക്കലും തിരിച്ചുപോകാത്ത വിധത്തില്‍ ബ്രഹ്മസാക്ഷാത്കാരം ലഭിച്ചിരിക്കുന്നു.

ചോദ്യം
സ്വാമിന്‍
വിദ്യ, വിദ്യാഭ്യാസം, ശുദ്ധവിദ്യ, ശ്രീവിദ്യ എന്നീ വാക്കുകളുടെ അര്‍ത്ഥം യോഗശാസ്ത്രപ്രകാരം എപ്രകാരമാണ് ധരിക്കേണ്ടത്. വിദ്യയും വിദ്യാഭ്യാസവും സാധാരണയായി ഉപയോഗിക്കാറുള്ള വാക്കുകളാണ്. എന്നാല്‍ ശുദ്ധവിദ്യ എന്ന വാക്ക് സാധാരണക്കാരന്‍ ഉപയോഗിക്കാറില്ല. അതുകൊണ്ട് ശുദ്ധവിദ്യ എന്ന വാക്കിന്റെ പ്രത്യേകത എന്തെല്ലാമാണ്. അതും ശ്രീവിദ്യയും ഒരേ അര്‍ത്ഥമുള്ളവയാണോ?
പ്രവീണ്‍, ആറാംകല്ല്, തൃശൂര്‍

ഉത്തരം:-
യോഗശാസ്ത്രത്തില്‍ വിദ്യയെന്നു പറയുന്നത് സാധാരണ വിദ്യകളെ ഉദ്ദേശിച്ചുള്ളതല്ല. വാസ്തുവിദ്യ, ശില്‍പ്പവിദ്യ, ഗണിത വിദ്യ എന്നെല്ലാം ഉപയോഗിക്കുന്നത് അതതു വിഷയങ്ങളെ സമഗ്രമായി, പ്രതിപാദിക്കുന്ന ശാസ്ത്രത്തെ ഉദ്ദേശിച്ചാണ്. എന്നാല്‍ യോഗശാസ്ത്രത്തില്‍ വിദ്യ എന്നുപയോഗിക്കുന്നത് സാധനയിലൂടെ ഉയര്‍ന്ന് മഹാസമാധിയിലൂടെ മോക്ഷം പ്രാപിക്കുന്നതിന് ഉതകുന്ന അഭ്യാസക്രമത്തിനെയാണ്. സാധനയുടെ പ്രയോഗശാസ്ത്രവും തത്വശാസ്ത്രവും ഉള്‍ക്കൊള്ളുന്ന സമഗ്രമായ ശാസ്ത്രമാകുന്നു വിദ്യ.
തത്വശാസ്ത്രത്തെ നല്ലവണ്ണം പഠിക്കണം. ഗുരുവില്‍ നിന്നും സാങ്കേതിക രഹസ്യങ്ങള്‍ മനസ്സിലാക്കണം. പ്രയോഗരീതിയും മനസ്സിലാക്കണം. അവയെ പരിശീലനത്തില്‍ നിന്നും ലഭിക്കുന്ന അനുഭവങ്ങളാല്‍ ഉറപ്പിക്കണം. പരിശീലനം അനുഭവങ്ങളിലൂടെ തത്വശാസ്ത്രബോധം വികസിപ്പിക്കുന്നതാണ്. അങ്ങനെ തത്വശാസ്ത്രവും പ്രായോഗിക അനുഭവങ്ങളും പരസ്പര പൂരകങ്ങളായിത്തീരും. പരസ്പരം വളര്‍ത്തുകയും ചെയ്യും. ഇപ്രകാരം അറിവും പ്രയോഗവും ആവര്‍ത്തിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്ന ചര്യക്കാണ് വിദ്യാഭ്യാസം എന്നു പറയുന്നത്.
ഇനി നമുക്ക് ശുദ്ധ വിദ്യ എന്നാല്‍ എന്തെന്നു ചിന്തിക്കാം. നമ്മെ നിത്യാനന്ദമാകുന്ന മുക്തിയിലേക്കു നയിക്കുന്ന വിദ്യയാകുന്നു ശുദ്ധവിദ്യ. ഇതിനു വിപരീതമായി മറ്റൊരു വിദ്യ കൂടിയുണ്ട്. അതാകുന്നു അവിദ്യ. ഇത് മോക്ഷ മാര്‍ഗത്തിലേക്ക് പോകുന്ന മനുഷ്യനെ അതില്‍ നിന്നും പിന്തിരിപ്പിക്കുവാന്‍ ശ്രമിക്കും. സാധാരണ ജനങ്ങളെ നേരായ മാര്‍ഗത്തില്‍ നിന്നും തെറ്റിച്ച് ദുര്‍മാര്‍ഗത്തിലേക്കും നാശത്തിലേക്കും തിരിച്ചുവിടും. അവിദ്യയുടെ പ്രവര്‍ത്തനത്താല്‍ തെറ്റായതിനെയെല്ലാം ശരി എന്നു ധരിക്കുകയും തെറ്റിനെ സ്വീകരിക്കുകയും ചെയ്യും. മനുഷ്യരെ തെറ്റായ മാര്‍ഗത്തിലേക്കും മരണത്തിലേക്കും നയിക്കുന്ന ശക്തിവിശേഷമാകുന്നു അവിദ്യ.
ശ്രീവിദ്യ എന്നാല്‍ എന്തെന്നു പരിശോധിക്കാം. ശുദ്ധ വിദ്യ തന്നെ ശ്രീവിദ്യ. സാധകര്‍ ശ്രീവിദ്യയെ സാക്ഷാല്‍ പരാശക്തിയായിട്ടാണ് കാണുന്നത്. സാധകര്‍ക്ക് ശ്രീവിദ്യാ ക്രമത്തില്‍ പരാശക്തിയെ ഉപാസിക്കുവാനും മാര്‍ഗമുണ്ട്.
പതിനാറ് അക്ഷരങ്ങളുള്ള ശ്രീവിദ്യാമന്ത്രത്തിലെ ശക്ത്യാക്ഷരങ്ങളെയും ശിവാക്ഷരങ്ങളെയും വേര്‍തിരിച്ച് പ്രത്യേക സമ്പുടങ്ങളാക്കി ശ്വസപ്രശ്വാസങ്ങളില്‍ ലയിപ്പിച്ച് വിധിപ്രകാരം ഉപാസിക്കുന്നതാണ് ക്രമം. യോഗവിദ്യാഭ്യാസ ക്രമത്തിലെ ഉയര്‍ന്ന ഘട്ടമായ ഖേചരിയിലൂടെയുള്ള ലംബികാവിദ്യ ഉപാസിക്കുവാന്‍ പഠിച്ചിട്ടുള്ള സാധകര്‍ക്കു മാത്രമേ ഈ ക്രമത്തില്‍ വിദ്യ അഭ്യസിക്കുവാന്‍ കഴിയുകയുള്ളൂ. ഇതെല്ലാം ഗുരുകൃപയാല്‍ ലഭ്യമാകുന്നതാണ്. വിദ്യ, ശുദ്ധവിദ്യ, ശ്രീവിദ്യ എന്നീ വാക്കുകളെല്ലാം ഒരേ ശക്തിയുടെ പര്യായപദങ്ങളാണ്.

ചോദ്യം:-
ഗുരുജി
അവിദ്യയുടെ ഭാവങ്ങള്‍ ഏതെല്ലാമാണെന്നു വിശദീകരിച്ചുതന്നാലും. അതിനെ ജയിക്കുവാന്‍ നാം എന്തെല്ലാമാണ് ചെയ്യേണ്ടത്.
അരുണ്‍കുമാര്‍, കൊടുങ്ങല്ലൂര്‍

ഉത്തരം
പരാശക്തിയുടെ സാത്വികമായ ഭാവമാണ് ശുദ്ധവിദ്യ. അതിന്റെ രാജസ, താമസ ഭാവങ്ങള്‍ അവിദ്യയുമാണ്. ശുദ്ധവിദ്യ നമ്മെ നന്മയിലേക്കും മുക്തിയിലേക്കും നയിക്കും. അവിദ്യ തിന്മയിലേക്കും നാശത്തിലേക്കും പുനര്‍ജന്മത്തിലേക്കുമാണ് നയിക്കുന്നത്. വിദ്യയ്ക്ക് മായയെന്നും മഹാമായ എന്നും രണ്ടു ഭാവങ്ങളുണ്ട്. മായ രാജസ പ്രകൃതിയും മഹാമായ താമസ പ്രകൃതിയുമാണ്. രാജസ പ്രകൃതിക്കാര്‍ അക്രമകാരികളും വിജയത്തില്‍ അഹങ്കരിക്കുന്നവരും പരാജയപ്പെട്ടാല്‍ തകര്‍ന്നുപോകുന്നവരുമാണ്. താമസപ്രകൃതിക്കാര്‍ മടിയന്മാരും അലസന്മാരും ഭീരുക്കളുമാണ്. മറ്റുള്ളവരുടെ നല്ല പ്രവര്‍ത്തനത്തിലും വളര്‍ച്ചയിലും അസൂയാലുക്കളും അസഹനീയരുമാണ്.
അവിദ്യയെ ജയിക്കുവാനുള്ള മാര്‍ഗം യോഗവിദ്യ പരിശീലനമാകുന്നു. അതുകൊണ്ട് അവിദ്യ നശിക്കും. ശുദ്ധവിദ്യ പ്രകാശിക്കും. മുക്തിയിലേക്കു നയിക്കും.