ചതുരാശ്രമങ്ങൾ

ശ്രീയുത് സുധാകരനാഥ്

ആശ്രമധർമ്മങ്ങളെക്കുറിച്ച് അറിയാത്തവർ ആരുമില്ലെന്നു തന്നെ പറയാം. എന്നാൽ സാധാരണക്കാർക്കും ചില യോഗവിദ്യാർത്ഥികൾക്കുപോലും ഗൃഹസ്ഥന്മാരായിരുന്നുകൊണ്ട് എങ്ങനെ ഒരു മോക്ഷാർത്ഥിയായിത്തീരാൻ കഴിയും എന്ന സംശയം ബാക്കിനിൽക്കുന്നുണ്ട്. ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം എന്നിവ ചേർന്ന ആശ്രമങ്ങളിൽ ബ്രഹ്മചര്യം ഏറ്റവും കൂടുതൽ തെറ്റിദ്ധരിക്കപ്പെട്ട ഒരു വിഷയമാണ്. അതിന് ചില ആചാര്യന്മാരുടെ നിലപാടുകളും കാരണമായിത്തീർന്നു.

ബ്രഹ്മചര്യം എന്നു കേൾക്കുമ്പോൾത്തന്നെ ലൈംഗിക ബ്രഹ്മചര്യം എന്ന നിലയ്ക്കാണ് ആളുകൾ വിലയിരുത്തുന്നത്. ഒരു വസ്തുത മറച്ചുവയ്ക്കാതെ തന്നെ പറയാം. നാൽപ്പതു കിലോ ഗ്രാം ആഹാരം കഴിച്ചാൽ, വിവിധ പ്രോസസ്‌സുകളിലൂടെ അതു രക്തമായി പരിണമിക്കുമ്പോൾ ഒന്നരക്കിലോഗ്രാമായി ചുരുങ്ങുന്നു. അതു വീണ്ടും മജ്ജയായി, ശുക്‌ളമായി രൂപാന്തരപ്പെടുമ്പോൾ അഞ്ചോ ആറോ തുള്ളികൾ മാത്രമായിത്തീരുന്നു. അത്തരത്തിൽ തേജസ്‌സുറ്റ ഊർജ്ജമായ ശുക്‌ളം സൽസന്താനലബ്ധിക്കുമാത്രമായി ഉപയോഗപ്പെടുത്തണമെന്നാണ് ആചാര്യമതം. ക്രമമില്ലാതെ വരുന്ന ഊർജനഷ്ടം വ്യക്തിയെ രോഗബാധിതനും അതുവഴി അകാലമൃത്യുവിനും ഇടയാക്കുന്നു. എങ്കിലും പങ്കാളിയുടെ ഇച്ഛാനുസാരം പ്രാണായാമത്തോടുകൂടി മൈഥുനക്രിയയിൽ ഏർപ്പെടാമെന്ന് സ്വാമി ശ്രീയുത് ഭൈരവാനന്ദ യോഗീന്ദ്രനാഥ് അഭിപ്രായപ്പെട്ടിരിക്കുന്നു.

പക്ഷേ, നമ്മൾ ഇവിടെ ചർച്ച ചെയ്യുന്ന ബ്രഹ്മചര്യം ഇതിൽ നിന്നും വളരെ വ്യത്യസ്ഥമായ ഒരു സംഗതിയാണ്. ബ്രഹ്മം എന്ന വാക്കിന് വികസിക്കുന്നത്, വലുതാക്കുന്നത് എന്നെല്ലാം അർത്ഥം വരുന്നുണ്ട്. ആ നിലയ്ക്ക് ബ്രഹ്മചര്യം എന്നാൽ വികസിക്കാൻ അഥവാ വലുതാകാനുള്ള ചര്യയായി കാണുന്നതാണ് നല്ലത്. ഒരു അപകടം നടന്ന സ്ഥലത്ത് ഓടിക്കൂടുന്ന വ്യക്തികൾ അതിനെക്കുറിച്ച് വ്യത്യസ്ഥ രീതിയിലായിരിക്കും പ്രതികരിക്കുന്നത്. ചിലർ അടിക്കാൻ കൈയോങ്ങും, ചിലർ ദേഷ്യത്തോടെ ചീത്ത വിളിക്കുന്നതു കേൾക്കാം. ചിലർ അുനയ രൂപത്തിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതുകാണാം. എന്നാൽ ഈ തിരക്കിനിടയിലും ഒരാൾ ശാന്തനും മൗനിയുമായിരുന്ന് എല്ലാം ശ്രദ്ധിക്കുന്നുമുണ്ടാകും.

ഇവിടെ ഉണ്ടായ അപകടത്തെ എല്ലാവരും ഒരുപോലെയാണ് കണ്ടത്. എന്നാൽ ഓരോരുത്തരിലും അതുണ്ടാക്കിയ പ്രതികരണം വ്യത്യസ്ഥമായിരുന്നു. ആ അപകടമാണ് നമ്മെ അസ്വസ്ഥനാക്കിയതെങ്കിൽ അത് എല്ലാവരിലും ഒരുപോലെ പ്രകടമായി കാണേണ്ടതാണ്. ഇവിടെ പ്രശ്‌നം ഓരോരുത്തരുടെയും അന്തഃരംഗത്തിലാണ്. ബോധത്തിന്റെ വികാസമില്ലായ്മയാണ് കാരണം.

അതുപോലെ ഏതെങ്കിലും കാരണം കൊണ്ട് ദുഃഖിതനായിരിക്കുന്ന വ്യക്തി എല്ലാവരിൽ നിന്നും അകന്നുകഴിയുവാൻ ആഗ്രഹിക്കും. ആ സമയത്ത് ഇതൊന്നുമറിയാതെ അദ്ദേഹത്തിനടുത്തെത്തുന്ന വ്യക്തികളോട് അയാൾ പൊട്ടിത്തെറിക്കുന്നതു കാണാം. മറിച്ച് സന്തോഷത്തിലാണെങ്കിൽ അത് എല്ലാവരുമായി പങ്കുവയ്ക്കുവാനും ഈ ലോകത്തെ തന്നെ തന്നിലേക്ക് അടുപ്പിച്ചു നിർത്തുവാനും തോന്നും. ബോധാകാശം വലുതാകുമ്പോൾ ഉള്ളിൽ നിറയുന്ന നുഭവമാണ് സുഖവും സന്തോഷവുമെല്ലാം. ബോധാകാശം ചുരുങ്ങി തനിക്കുപോലും നിൽക്കാൻ കഴിയാത്ത അവസ്ഥയാണ് ദുഃഖം.

അതിനാൽ ശാശ്വതമായ സമാധാനം തേടുന്ന വ്യക്തിക്ക് ഒരു സത്യം ബോധ്യപ്പെടുന്നു. ഈ പുറമേ കാണുന്ന ലോകമല്ല തന്റെ സമാധാനത്തെ ഇല്ലാതാകുന്നത്. താൻ എല്ലാവരിൽ നിന്നുമകന്ന് ഒറ്റയ്ക്ക് കഴിഞ്ഞാലും തന്റെ അസ്വസ്ഥതയ്ക്ക് ഒരു കുറവും സംഭവിക്കുകയില്ല. താൻ തന്നെയാണ് എന്റെ അസ്വസ്ഥതയ്ക്കു കാരണം. ന്റെ ബോധത്തിന്റെ വികാസമില്ലായ്മയാണ് ന്റെ എല്ലാ ദുഃഖങ്ങൾക്കും കാരണം. തന്നിൽ രൂഢമൂലമായ ഒരു മാറ്റമാണ് എല്ലാ പ്രശ്‌നങ്ങളെയും പരിഹരിക്കാനുള്ള ഏക മാർഗം എന്ന അറിവോടുകൂടി ബോധതലത്തെ വികസിപ്പിക്കുവാനുള്ള വിദ്യയായ ഹംസവിദ്യയിലേക്കു പ്രവേശിക്കുന്നു. അല്ലാതെ ലൈംഗിക ബ്രഹ്മചര്യമാണ് യഥാർത്ഥമെങ്കിൽ നമ്മുടെ ഋഷീശ്വരന്മാരെല്ലാം ബ്രഹ്മചാരികളല്ലെന്ന് പറയേണ്ടിവരും.

ഒരാൾ സ്‌നേഹത്തോടെ നമ്മോട് സംസാരിക്കുമ്പോൾ ഉള്ളിൽ സന്തോഷം നിറയുന്നത് അനുഭവിക്കാൻ കഴിയും. അതുപോലെ ദേഷ്യത്തോടെയാണ് അയാൾ സംസാരിക്കുന്നതെങ്കിൽ ഉള്ളിൽ സങ്കടവും വിഷമവും ദുഃഖവുമെല്ലാം അനുഭവപ്പെടുന്നു. ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. അപരന്റെ ഒരു വാക്കിലോ നോട്ടത്തിലോ പ്രവൃത്തിയിലോ ആണ് നമ്മുടെ മനസ്‌സിന്റെ കടിഞ്ഞാണിരിക്കുന്നത്. വ്യക്തിയെ സംബന്ധിച്ചിടത്തോളം ഇത് പരിതാപകരമായ അവസ്ഥയാണ്. ഇതിൽ നിന്നും സ്വതന്ത്രമാക്കുകയെന്നാൽ മറ്റുള്ളവരുടെ വാസസ്ഥലത്തു നിന്നും മറ്റുള്ളവരുടെ ചിന്താധാരയിൽ നിന്നും, മറ്റുള്ളവരുടെ ഹങ്ങളിൽ നിന്നും സ്വന്തം മനസ്‌സിനെ മോചിപ്പിച്ച് സ്വന്തം ഹത്തിൽ അഥവാ സ്വന്തം അന്തഃരംഗത്തിൽ കുടിയിരുത്തണം. അന്വേഷണ കുതുകിയായി പാഞ്ഞുനടക്കുന്ന മനസ്‌സിനെ പ്രാണായാമത്തിന്റെ സഹായത്തോടുകൂടി സ്വന്തം ബോധതലത്തിൽ ഗൃഹസ്ഥനാക്കിക്കൊണ്ട് കാര്യങ്ങളെ നോക്കിക്കണ്ട് പ്രവൃത്തിക്കാൻ പ്രാപ്തനാക്കിത്തീർക്കുക എന്നതാണ് ഗാർഹസ്ഥ്യം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനിടയ്ക്ക് ശരിയായ വിവാഹവും സന്താനസൗഭാഗ്യങ്ങളോടുകൂടിയ ഗാർഹസ്ഥ്യവും ആഗ്രഹിക്കുന്നവർക്ക് ആ വഴിയും പിന്തുടരാവുന്നതാണ്.

അന്യന്റെ ലോകങ്ങളിൽ ശ്രദ്ധയൂന്നി നടന്നതുകൊണ്ടാകണം നമുക്ക് ഏറ്റവും അടുത്തുള്ള നമ്മുടെ ഉള്ളിലേക്ക് നമ്മുടെ ബോധതലത്തിലേക്ക് പ്രവേശിക്കാൻ കഴിയാതെ പോയത്. എന്നാൽ തികച്ചും പരിചിതമല്ലാത്ത ഒരു ലോകമാണ് നമ്മുടെ അന്തരംഗം. ആചാര്യന്മാർ അതിനെ കായാകാശം എന്നു വിളിച്ചുപോരുന്നു. അത്ര ആയാസരഹിതമായി അതിലേക്ക് കയറിച്ചെല്ലുവാൻ കഴിയുകയില്ല. ഹംസമന്ത്രത്തെ പ്രാണന്റെ സഹായത്താൽ മനസ്‌സിനെക്കൂടി ലയിപ്പിച്ചുവേണം കായകാശത്തിൽ പ്രവേശിക്കേണ്ടത്. അങ്ങനെ ആകാശത്തിൽ, വാനത്തിൽ സ്ഥിതി ചെയ്യുന്നവനാണ് വാനപ്രസ്ഥി. വനത്തിൽ പർണശാല കെട്ടി ഉപാസന നടത്തുന്നയാളിനേയും വാനപ്രസ്ഥി എന്നു പറയാം. അകന്നുനിന്നും ഉയരത്തിൽ നിന്നും കാണുന്നതാണ് നമ്മുടെ സ്വരൂപത്തെ അറിയുന്നതിന് ഉപകരിക്കുന്നത്. എല്ലാറ്റിനെയും കൗതുകത്തോടെ സാകീഭാവത്തോടെ അറിയുന്നതാണ് വാനപ്രസ്ഥം കൊണ്ട് ഉദ്ദേശിക്കുന്നത്.

ഉള്ളിൽ സംഭവിക്കുന്നതെല്ലാം അൽപ്പസമയം നിലനിന്ന് ഇല്ലാതായി പോകുന്നതാണെന്ന് അറിയുന്നവനാണ് ജ്ഞാനി. ഒരനുഭവത്തേയും കയറിപ്പിടിച്ച് അതിനുമുകളിൽ ചിന്തകൾ കൂട്ടി ജീവിതത്തെ താറുമാറാക്കേണ്ടതില്ല. നാം ഊതിവീർപ്പിച്ച ചിന്തകളാണ് പ്രശ്‌നങ്ങൾക്കു കാരണം. ചിന്തകൾക്കു വിട നൽകിക്കഴിഞ്ഞാൽ, മുറിയാതെ ഒഴുകിക്കൊണ്ടിരുന്ന ജീവിതനദിയെ തടഞ്ഞുനിർത്താതെ അതിന്റെ സഹജമായ ഒഴുക്കിന് വിധേയനാവാൻ സ്വയം തയ്യാറാകുന്നതോടെ എല്ലാ സ്വന്തമാക്കലുകളിൽ നിന്നും അവൻ വിടുതൽ നേടുന്നു. ഒന്നിനോടും പ്രതിപത്തിയില്ലാത്തവനാണ് സന്യാസി. ചിന്തയൊഴിഞ്ഞ അവസ്ഥയാണ് സന്യാസം.