ഈശോവാസ്യോപനിഷത്

വിജയമേനോൻ

മന്ത്രം എട്ട്

സപര്യഗാച്ഛുക്രമകായമപ്രണ–

മസ്‌നാവിരം ശുദ്ധമപാപവിദ്ധം

കവിർമനീഷി പരിഭുഃസ്വയം ദൂര്യാഥാ സമാഭ്യഃ

ബോധരൂപനായ ആത്മാവ് എല്ലായിടത്തും നിറഞ്ഞുനിൽക്കുന്നു. അത് ശുദ്ധ പ്രകാശ സ്വരൂപമാണ്. സൂക്ഷ്മ ശരീരം ഇല്ലാത്തതാണ്. മുറിപ്പെടാത്തതും നാഡി ഞരമ്പുകളില്ലാത്തുതുമാണ്. ധർമ്മാധർമ്മങ്ങൾ സ്പർശിക്കാത്തതാണ്. മനസിനെയും കടന്ന് നിൽക്കുന്ന ക്രാന്തദർശിയാണ്. മനസിനെ പ്രവർത്തിപ്പിക്കുന്ന സർവജ്ഞനായ ഈശ്വരനാണ്. എല്ലാറ്റിനും മീതെ സ്ഥിതി ചെയ്യുന്ന പരമമായ കാരണമാണ്. മറ്റൊരു കാരണത്തെ ആശ്രയിക്കാതെ സ്വയം നിലനിൽക്കുന്നവനാണ്. അനാദിയായ കാലം മുതൽ ആ ബോധം മുൻപേ ഉള്ളതുപോലെ തന്നെ കർമഗതിക്കനുസരണമായി കർമ്മമയ ദൃശ്യങ്ങളെ വേർതിരിച്ചു പ്രകടമാക്കി. ഗുരുദേവൻ പറയുന്നു:–

പങ്കമറ്റംഗമില്ലാതെ

പരിപാവനമായ്‌സദാ

മനസ്സിൻ മനമായ് തന്നിൽ

തനിയേ പ്രോല്ലസിച്ചീടും

അറിവാൽ നിറവാർന്നെല്ലാ

മറിയും പരദൈവതം

പകുത്തു വെവ്വേറായ് നൽകി

മുൻപോലീവിശ്വമൊക്കെയും

പുറമെ നോക്കിക്കാണുന്നവർ പ്രപഞ്ചത്തെ എങ്ങനെ കാണുന്നു? ജഡചേതസങ്ങളുടെ സമ്മിളിതമായ രൂപങ്ങളായിട്ട്. വേദാന്ത ശാസ്ത്രത്തിന്റെ ഏറ്റവും വലിയ കണ്ടുപിടിത്തമാണ്, ജഡസ്പർശം ലേശം പോലുമില്ലാതെ ശുദ്ധ രൂപത്തിൽ ചേതനമായ ബോധസത്യത്തെ അഥവാ ബോധത്തെ വേർതിരിച്ചു കണ്ടെത്താൻ കഴിയും എന്നുള്ളത്. ബോധസത്യം ശുദ്ധ രൂപത്തിൽ വേർതിരിയുന്നതോടെ സ്വയം ഉൺമ അനുഭവിക്കാൻ കഴിയാത്ത ജഡം ശുദ്ധ ശൂന്യമായിത്തീരും. ചേതന തന്നെയാണ് സ്വയം ജ്യോതിസ്‌സായ അമൃതവസ്തുവെന്ന് അനുഭവിക്കുവാൻ കഴിയുന്നു. അപ്പോഴുള്ള സ്വരൂപാനുഭവം എന്തായിരിക്കുമെന്ന് ഈ മന്ത്രം വിവരിക്കുന്നു.

നിഷേധിക്കലും ഉറപ്പിക്കലും കൊണ്ടാണ് ശ്രുതി ശുദ്ധസത്യസരൂപം വിവരിക്കുന്നത്. ബോധസത്യം പരമപവിത്രവും സർവവ്യാപിയുമാണ്. സർവശക്തനും സർവജ്ഞനുമാണ്, സ്വയജ്യോതി സ്വരൂപനാണ് തുടങ്ങിയ വിവരങ്ങൾ ബ്രഹ്മത്തിന്റെ സ്വരൂപാനുഭവങ്ങളെ ഉറപ്പിക്കുന്ന വാക്യങ്ങളാണ്. സാക്ഷാത്കാരാനുഭവത്തിൽ, ആത്മാവിൽ ഈ അനുഭവങ്ങൾ സംശയാതീതമായി തെളിയുമെന്നാണ് ജ്ഞാനികൾ പ്രഖ്യാപിക്കുന്നത്. പക്ഷേ, ഇത്രയൊക്കെ കേട്ടാലും സദാദേഹബന്ധത്തിൽപ്പെട്ട് ഉഴലുന്ന മനുഷ്യന്റെ ബുദ്ധിക്ക് ജഡസ്പർശമില്ലാത്ത ബോധവസ്തുവിനെക്കുറിച്ച് ചിന്തിക്കുവാൻ പോലും സാധ്യമല്ല. ദേഹമില്ലാത്ത നിലനിൽപ്പിനേക്കുറിച്ച് ചിന്തിക്കുവാൻ തന്നെ സാമാന്യബുദ്ധിക്ക് പ്രയാസമാണ്. സാധനാനുഷ്ടാനങ്ങളുടെ തുടക്കത്തിൽ സഗുണ ഈശ്വരനെ ഉപാസിച്ചുകൊള്ളുവാൻ ഋഷീശ്വരന്മാർ അനുവാദം തന്നതുതന്നെ അക്കാരണത്താലാണ്. പക്ഷേ, പരമസത്യ സ്വരൂപത്തിൽ ജഡദേഹങ്ങളുടേയോ, അവയുടെ ദോഷങ്ങളായ ജന്മമൃത്യു ജരാവ്യാധി ദുഃഖങ്ങളുടെയോ നിഴൽ പോലുമില്ലെന്ന് കാട്ടിത്തരാനാണ് സത്യവിവരണ വാക്യങ്ങളിൽ വേദാന്തം നിഷേധപദങ്ങൾ ഉപയോഗിക്കുന്നത്. പ്രസ്തുത മന്ത്രത്തിൽ സൂക്ഷ്മശരീരമില്ലാത്തതു, സ്ഥൂലശരീരമില്ലാത്തത്, കാരണശരീരമില്ലാത്തത് എന്നൊക്കെ കാണുന്നത് ജഡസ്പർശത്തെ മുഴുവൻ നിഷേധിക്കുന്ന വാക്കുകളാണ്. കാരണ ശരീരത്തിൽ ലയിക്കുന്നതുകൊണ്ട് സൂക്ഷ്മശരീരത്തിന് ലിംഗ ശരീരമെന്നും പറയുന്നു. ഉറക്കത്തിൽ വികാവിചാരാത്മകമായ ലിംഗശരീരം അജ്ഞാന ആവരണരൂപമായ കാരണശീരത്തിൽ ലയിക്കുന്നത് എല്ലാവർക്കും ദിവസവും അനുഭവിച്ചറിയുന്ന വസ്തുതയാണല്ലോ. ലയിക്കുന്നതിനെ ലിംഗം എന്നു പറയുന്നു.

ശബ്ദസ്പർശ രൂപരസ ഗന്ധങ്ങളാകുന്ന പഞ്ച തന്മാത്രകളും പഞ്ചപ്രാണന്മാരും പഞ്ചജ്ഞാനേന്ദ്രിയങ്ങളും ബുദ്ധിയും മനസ്‌സും ഇങ്ങനെ പതിനേഴു തത്വങ്ങളും ചേർന്നുണ്ടാകുന്നതാണ് സൂക്ഷ്മ ശരീരം. എല്ലാവിധമായ സംസാര കേ്‌ളശങ്ങൾക്കും കാരണം ഈ സൂക്ഷ്മ ശരീരമാണ്. സൂക്ഷ്മ ശരീരത്തെ അന്തഃക്കരണമെന്നും പറയാം. ഈ സൂക്ഷ്മശരീരത്തെ പുറന്തള്ളിയാൽ മാത്രമേ ശുദ്ധ ബോധരൂപമായ ആത്മാവ് തെളിയൂ. ബോധത്തിന്റെ മാത്രം സ്വരൂപമാണ് അനുഭവം. സൂക്ഷ്മ ജഡ സ്വരൂപമായ അന്തഃക്കരണത്തിനുപോലും അനുഭവാംശം പകർന്ന് കിട്ടുന്നത് ബോധത്തിൽ നിന്നാണ്. ശുദ്ധമായ പൂർണാനുഭവം എന്നു പറയുന്നത് അന്തഃകരണമില്ലാത്ത ബോധമാണ്.

സൂക്ഷ്മശരീരത്തിന്റെ പെരുകിയ രൂപമാണ് സ്ഥൂല ശരീരം. സൂക്ഷ്മ ശരീരത്തിന്റെ ലയാവസ്ഥയാണ് ഗാഢനിദ്രയിൽ അനുഭവപ്പെടുന്ന കാരണശരീരം. ഒരു ചെടിയുടെ മുള ചെറുതിലേ നുള്ളിക്കളഞ്ഞാൽ അത് വൃക്ഷമായി വളരില്ല. അതു നശിച്ചുപോകും. ലിംഗശരീരം വഴിമാറിയാൽ സ്ഥൂലകാരണ ശരീരങ്ങൾ വഴിമാറുമെന്ന് ചുരുക്കം. ഇതാണ് വസ്തുത എന്ന് അറിയിക്കുവാൻ വേണ്ടിയാണ്–വെളിപ്പെടുത്തുവാൻ വേണ്ടിയാണ്– ഉപനിഷത്ത്, സത്യസ്വരൂപത്തിൽ ശരീരങ്ങളെ നിഷേധിച്ചിരിക്കുന്നത്.

പരമാത്മാവിൽ ശക്തിസ്പന്ദനരൂപത്തിൽ സങ്കൽപ്പങ്ങൾ പൊന്തിവരുമ്പോൾ പ്രപഞ്ചനീതി ഉളവാകും. കർമത്തിന്റെ സൂക്ഷ്മ രൂപമാണ് ശക്തിസ്പന്ദനം. അത് സങ്കൽപ്പമായും സങ്കൽപ്പമനുസരിച്ചുള്ള സ്ഥൂലദൃശ്യങ്ങളായും പ്രകടമാകുന്നു. സങ്കൽപ്പം എങ്ങനെയോ അങ്ങനെ പ്രപഞ്ചാനുഭവം. സർവജ്ഞനും സർവശക്തനും ജഡസ്പർശം പോലുമില്ലാത്തവനുമാണ് പരമാത്മാവ്.

ചിത്തം തന്നെയാണ് സംസാരം. എക്കാലത്തെയും സൃഷ്ടി നിയമം ഇതാണ്. സങ്കൽപ്പസമൂഹത്തിന് മനസെ്‌സന്നോ ചിത്തമെന്നോ അന്തഃകരണമെന്നോ സൂക്ഷ്മ ശരീരമെന്നോ എന്തു പേരു നൽകിയാലും കൊള്ളാം. സങ്കൽപ്പമെങ്ങനെയാണോ അതുപോലെയാണ് ജീവിതം. അതിനാൽ പ്രയത്‌നം ചെയ്ത് സങ്കൽപ്പാത്മക ചിത്തത്തെ ശുദ്ധീകരിക്കുക. അതാണ് മനുഷ്യന്റെ സനാതനമായ ജീവിതരഹസ്യം. ചിത്തത്തിന്റെ ബാഹ്യരൂപമാണ് സൃഷ്ടി. ചിത്തമില്ലെങ്കിൽ ബാഹ്യപ്രപഞ്ചമില്ല.

വസ്തു ഒന്നേയുള്ളൂ എന്നതാണ് പരമസത്യം. പലതായി കാണുന്നത് ചിത്ത സങ്കൽപ്പങ്ങൾ ഉണ്ടാക്കുന്ന ഭ്രമം മാത്രം. ഈ ഭ്രമം അകന്ന് പൂർണ വസ്തു തെളിയണമെങ്കിൽ ചിത്ത സങ്കൽപ്പങ്ങൾ പാടെ അകന്ന് കിട്ടണം. ചിത്ത സങ്കൽപ്പങ്ങളുടെ എണ്ണം കുറച്ചുകുറച്ച് വസ്തു ഒന്നേയുള്ളൂ എന്ന് മനസ്‌സിൽ ഉറപ്പിക്കുന്നതാണ് വിദ്യ. അതിനായി സർവം ബോധമയം എന്ന ഏകത്വബുദ്ധി മനസ്‌സിനെ സദാ പഠിപ്പിച്ചുകൊണ്ടിരിക്കുക.

വിദ്യാമാർഗത്തിൽ മുന്നോട്ടു നീങ്ങുന്ന വ്യക്തിക്ക് അത്ഭുത കരങ്ങളായ വിവിധ ദർശനങ്ങളും കഴിവുകളും വന്നുചേരാം. ഏകത്വബോധം പൂർണമാകുന്നതുവരെ എല്ലാം ഭ്രമമാണ്. ഇക്കാര്യം മറന്ന് തന്റെ ദർശനങ്ങളിലും കഴിവുകളിലും മോഹബന്ധരായി നേട്ടങ്ങൾക്ക് വേണ്ടി വഴിയിൽ തങ്ങിപ്പോയാൽ മുന്നോട്ടുള്ള യാത്ര മുടങ്ങിപ്പോകും. ചിലപ്പോൾ പിന്നോട്ടു ബഹുദൂരം പോരാനും ഇടയാകും. അല്പപ്രകാശത്തിൽ നിന്ന് കൂരുരിട്ടിൽ അകപ്പെടുന്നതുപോലെ ആയിത്തീരും.